Apr 30, 2013

ഒരു വേണാടൻ യാത്രാ കുറിപ്പ്

0
വീണ്ടും ഒരു വേണാടൻ യാത്രക്കായി ഞാൻ തയ്യാറെടുത്തു . അങ്ങാടിപ്പുറത്ത്  നിന്ന്  തീവണ്ടി  നീങ്ങി തുടങ്ങിയപ്പോൾ തന്നെ മനസ്സിൽ എവിടെയോ ഒരു ചെറു നൊമ്പരം കൂട്കൂട്ടി . ലെവൽ ക്രോസിൽ കാത്തു കിടന്ന വാഹനങ്ങളെയും പിന്നിട്ടു തീവണ്ടി കുതിക്കുകയാണ് . പ്ലാറ്റ്ഫോറത്തിൽ  ചുറ്റിലുമുണ്ടായിരുന്ന പല യാത്രികരും  എന്റെ സീറ്റ്നും അതിനടുത്തുമായി ഇടം പിടിച്ചിരിക്കുന്നു . പല മുഖങ്ങൾ ... വിഭിന്നമായ അവസ്ഥകളിൽ  നിന്നുള്ളവർ.... എങ്കിൽ എല്ലാ മുഖഭാവങ്ങളിലും തുടിച്ചു നിന്നത്  വള്ളുവനാടൻ ഗ്രാമങ്ങൾക്ക്  മാത്രം സ്വന്തമായുള്ള  നിഷ്കപടമായ ഗ്രാമീണ നൈർമല്യം ആയിരുന്നു .



ഷൊർണൂർ  എത്തിയപ്പോൾ എന്നെയും കാത്തു ശൂന്യമായ ഇരുപ്പിടങ്ങളുമായി  തീവണ്ടി കിടക്കുന്നു  . വൈകാതെ തന്നെ സ്ത്രീകൾക്കായുള്ള തീവണ്ടിമുറിയിലെ  ജാലകപടിക്കരികിലുള്ള  ഒരു ഇരുപ്പിടം ഞാൻ സ്വന്തമാക്കി . ഇടയ്ക്കു അറിയാതെയോ മനപൂർവമായൊ കയറിവരുന്ന പുരുഷ യാത്രികരെ രണ്ടു സീറ്റ്‌ അപ്പുറം ഇരിക്കുന്ന ഒരു ചേച്ചി വിലക്കുന്നുണ്ട് . തുടർച്ചയായി  തീവണ്ടിയിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമ പരമ്പരകൾക്ക് ശേഷം ഇപ്പോഴായി സ്ത്രീയാത്രികർ  സ്വന്തം സുരക്ഷയെപറ്റി ജഗരൂകാരനെന്നു എനിക്ക് തോന്നി . ഇടയ്ക്കിടെ എന്നെ കടന്നുപോകുന്ന ചെറുകിട കച്ചവടക്കാർ ഒഴിച്ചാൽ പ്ലാറ്റ്ഫോം  ശൂന്യമാണ് . നോക്കിയിരിക്കാൻ ഒരു  "കാക്ക " പോലും ഇല്ലാത്ത അവസ്ഥ . ഇതു ഏതാണ്  മലയാള മാസം ? എനിക്കത് അത്ര നിശ്ചയം പോര . എന്തായാലും പുറത്തു സഹിക്കവയ്യാത്ത അത്യുഷണം ഉണ്ട് . പ്ലാറ്റ്ഫോമിൽ യാത്രികർക്ക്    വിശ്രമത്തിനായി ക്രമീകരിച്ചിടുള്ള ഗ്രാനൈറ്റ്  പതിപ്പിച്ച ബെഞ്ചുകൾ സൂര്യനാളങ്ങൾ  തട്ടി വെട്ടി തിളങ്ങുന്നുണ്ട് .

തീവണ്ടി പുറപ്പെടാൻ നിശ്ചയിക്കപെട്ടിട്ടുള്ള സമയം അടുക്കാറായി . പക്ഷെ വേണാടിനെ വിശ്വസിക്കുക്ക  വയ്യ.ചിലപ്പോൾ വൈകി പുറപ്പെടാം . എന്നാലും ഒട്ടും  ധൃതിവെക്കാനില്ല ,ഇന്നിനി ഓഫീസിൽ പോകേണ്ടതില്ല . അധികവും നേരം തെറ്റിവന്നു യാത്രകാരെ കഷ്ടത്തിലാകുന്ന  തീവണ്ടിയാണെങ്കിലും,   എന്തോ ഈ വേണാടൻ യാത്രകൾ എനിക്ക് പ്രിയപെട്ടതാണ് . ആരവങ്ങളില്ലാതെ .. തികച്ചും നിശബ്ദമായ ഒരു ഉച്ചമയക്കത്തിലെ  യാത്ര.

ഇടക്ക് അപ്പുറത്തിരുന്ന ചേച്ചി ഒരു കുശല  സംഭാഷണത്തിന് വന്നു . ആളൊഴിഞ്ഞ ലേഡീസ്  കംപാർറ്റ്മെന്റിൽ  യാത്ര ചെയ്യാൻ അവര്ക്കുണ്ടായിരുന്ന ഒരല്പം ഭയം അവർ മറച്ചുവെച്ചില്ല . സ്ഥിരമായി പത്രം വായികുക്കയും ചുറ്റും നടക്കുന്ന ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ യഥാവിധി ഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും ഇത്തരം യാത്രകളുടെ തുടക്കം മുതൽ ഒടുക്കം വരെ ഏറെ ഭയാശങ്കകൾ നിറഞ്ഞതായിരിക്കും എന്നതിൽ സംശയം തെല്ലുമില്ല . അത് തികച്ചും സ്വാഭാവികം മാത്രമാണ് താനും .

അക്ഷമയോടെ തീവണ്ടി നീങ്ങിതുടങ്ങുന്നതിനായി ഞാൻ കാത്തിരുന്നു . അടുത്ത ട്രാക്കുകളിൽ കിടന്ന തീവണ്ടികൾ എല്ലാം തന്നെ എടുത്തു കഴിഞ്ഞിരുന്നു .  വേണാട് മാത്രം അപ്പോഴും ഒരു ഗാഢനിദ്രയിലെന്നവണ്ണം അലസമായി കിടക്കുകയാണ് . വീണ്ടും ഒരു വൈകിയോട്ടം  ഭാവികുകയാണോ ? ക്ഷമകെട്ട  ഞാൻ  ഓരോ ജനാലക്കു അരികിലും ഒട്ടിച്ചിരിക്കുന്ന പരസ്യങ്ങൾ വായിച്ചെടുക്കാൻ ഒരു ശ്രമം നടത്തി . ഒന്നോ രണ്ടോ ഒഴിച്ചാൽ ഏറിയവയും നമ്മുടെ രാഷ്ട്ര ഭാഷയിൽ ഉള്ളവയാണ് . അതിൽ ഒന്ന്  നമ്മുടെ നാടൻ കരിക്കിൻ വെള്ളതിന്റെതാണ് , അതിൽ നമ്മുടെ സ്പ്രിന്റ് റാണി പി . ടി  ഉഷയുടെ ചിത്രമുണ്ട് ,മറ്റൊന്ന്  പുഞ്ചിരി തൂകുന്ന ഒരു കുഞ്ഞിന്റെ ചിത്രത്തോട് കൂടിയ  വെളിച്ചെണ്ണയുടെ പരസ്യമാണ് . ഹിന്ദിയിൽ പരസ്യം വായിച്ചെടുക്കനല്ലാതെ അർഥം മനസിലാക്കിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ല . സെക്കന്റ്‌ ലാംഗ്വേജ് ഹിന്ദി എടുത്തത്‌  വിഫലമായി !!


പെട്ടെന്ന്  ഒരു തീവണ്ടിയുടെ ചൂളം വിളി കേട്ടപ്പോൾ എനിക്കാശ്വാസം തോന്നി . പക്ഷെ എന്നെ നിരാശപ്പെടുത്തി കൊണ്ട്  മറ്റെ പ്ലാറ്റ്ഫോമിൽ  കിടന്ന ഏറനാട് നീങ്ങി തുടങ്ങി . ഇത്ര നേരം കഴിഞ്ഞിട്ടും എനിക്ക് പുതിയ സഹയാത്രികരെ കിട്ടിയില്ല .ഇടയ്ക്കു വന്നവർ  തന്നെയും ലേഡീസ് ആണെന്ന് മനസിലാക്കി  ഉടനെ മറ്റു ബോഗ്ഗികൾ തേടി ഇറങ്ങി പോയിരുന്നു . എനിക്ക് മടുത്തു തുടങ്ങിയിരുന്നു . അപ്പോഴാണ്‌  തീവണ്ടി ഉടനെ പുറപ്പെടും എന്ന മധുരകരമായ വാഗ്ദാനം  പ്ലാറ്റ്പ്ഫോമിൽ മുഴങ്ങിയ ഉച്ചഭാഷിണി യിൽ നിന്നുയർന്നതു . ഭാഗ്യം !! ഷൊർണൂരിൽ നിന്ന് തീവണ്ടി നീങ്ങി തുടങ്ങിയിരിക്കുന്നു .  ഓരോ പുൽകൊടിയോടും യാത്ര പറഞ്ഞുകൊണ്ടുള്ള ഈ കുലുങ്ങി കുലുങ്ങിയുള്ള യാത്ര രസകരമാണ് .

 
ഷൊർണൂരിൽ  നിന്ന്  വിട്ടു കഴിഞ്ഞാൽ ഏറെ കഴിയാതെ തന്നെ നിളാ നദിക്കു കുറുകെ തീവണ്ടി നീങ്ങി തുടങ്ങും .
ബാല്യത്തിൽ കുരുന്നുകൾ കുഴിച്ചു നിറക്കുന്ന ചെറിയ വെള്ള - കുഴികളെ അനുസ്മരിപ്പിക്കും വിധം അങ്ങിങ്ങായി മാത്രം വെള്ളം നിറഞ്ഞ  ഏതാനും കുഴികളുമായി  നിള...... വെയിലേറ്റു മരുഭൂമിയിലെ പോലെ നിളയിലെ പൂഴിയും തിളങ്ങാറുണ്ട് . വറ്റി വരണ്ട നിള കാണുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത്  വകയിലുള്ള ഒരു അമ്മാമ്മന്റെ രൂപമാണ് . അമ്മാമന്റെ വിവാഹസമയത്ത്  ഞാൻ നന്നേ ചെറുതാണ് . അന്ന് തലയിൽ ഏറെ മുടിയുണ്ടായിരുന്നു മൂപ്പർക്ക് . എന്നാൽ അടുത്തിടെ കണ്ടപ്പോൾ തലയുടെ തെക്കും വടക്കും ഒരല്പം മുടി കുറ്റികൾ മാത്രം. ആ മുടി കുറ്റികളുടെ സ്‌മരണയുണർത്തും  വിധം നിളയുടെ ചെറു ചവറ്റുകുഴികൾ . വറ്റി വരണ്ടു കിടക്കുകയാണെങ്കിലും നിളയുടെ മുകളിലൂടെ തീവണ്ടി കുതിക്കുമ്പോൾ തൊട്ടു തലോടി പോകുന്ന ഇളംകാറ്റുണ്ട് .ഒപ്പം തീവണ്ടി പാലത്തിനു മുകളിലൂടെ ചരിക്കുമ്പോൾ മുഴങ്ങുന്ന ഒരു 'കിടു കിടാ ' ഗര്‍ജ്ജനം ഉണ്ട് . അതും തികച്ചും രസകരമാണ് .


ഒടുവിൽ  ഞാൻ കാത്തിരുന്ന നിമിഷം എത്തിച്ചേർന്നിരിക്കുന്നു . വീണ്ടും നിളയുടെ മുകളിലൂടെ ചൂളം വിളി ഉയരുകയായി .  കഴിഞ്ഞ തവണ കണ്ട വെള്ള കുഴികളിൽ പോലും വെള്ളം വറ്റി തുടങ്ങി മാലിന്യങ്ങൾ കാണാറായി തുടങ്ങിയിരിക്കുന്നു . നിളയുടെ മാറിലൂടെ ഈ മണ്ണിലൂടെ ഒരു സായംസന്ധ്യക്ക്  നടക്കണം എന്നത് എന്റെ മോഹമാണ് . എഞ്ചിൻ ഡ്രൈവറിനെ  കൊണ്ട് വണ്ടി  നിർത്തിച്ചു ഒരിക്കൽ അവിടെ ഇറങ്ങണം  എന്ന് പണ്ട് നിശ്ചയിച്ചിരുന്നതാണ് . വേറെയേത്  നദിയിലൂടെയാണ്  ഒരു മലയാളിക്ക് ഇത്ര  ധൈര്യപൂർവ്വം നടന്നു പോകാൻ സാധികുക്ക ? ഞാൻ കാത്തിരിക്കുന്ന ആ ദിനം ഒരിക്കൽ വന്നണയും . കുഞ്ഞുനാൾ മുതൽ ഞാൻ സ്വരുകൂട്ടി വെച്ചിരിക്കുന്ന എന്റെ തലതിരിഞ്ഞ സ്വപനങ്ങൾ ഞാൻ സ്വപ്നങ്ങൾ നഷ്ടപെട്ട നിളക്ക് കൈമാറും . പിന്നെ ഒരുപിടി അരളി പൂക്കൾ  ആ മാറിൽ അർപ്പിക്കും  .എന്നിട്ട് ആ കാതിൽ മന്ത്രിക്കും" എന്റെ  കൈക്കുമ്പിളിലെ വെള്ളം മതിയാവുമായിരുനെങ്കിൽ പ്രിയ ജനനി...ഞാൻ നിന്നെ തണുപ്പിച്ചേനെ ...ആ നീരുരവയുടെ മേലാട കൊണ്ട്  നിന്റെയീ നഗ്നത ഞാൻ മറച്ചേനെ ......"

തൽക്കാലം ഞാനീ കുറിപ്പിന്  ഇവിടെ  വിരാമാമിടട്ടെ . കാരണം എന്റെ യാത്ര തുടരുകയാണ് . ഇനിയും എന്നെ കാത്തിരിക്കുന്ന ഒട്ടേറെ കാഴചകളുണ്ട്  ജനാലക്കുവെളിയിൽ . ഈ മരങ്ങളും ... ഈ ചെറു വനങ്ങളും....ഉണങ്ങിയ നെല്പ്പാടങ്ങളും..... പിന്നെ ഇടക്കുള്ള ഈ കുളിർക്കാറ്റും... ചെറിയ ഇടവേളകളിലായി മുഴങ്ങുന്ന തീവണ്ടിയുടെ ഈ ചൂളം വിളിയും .........







No Response to "ഒരു വേണാടൻ യാത്രാ കുറിപ്പ് "

Post a Comment

  •