May 16, 2013

ഓർമ മരങ്ങളുടെ വഴിയിലുടെ -7

0
വീണ്ടും പഴയ പരീക്ഷ ഹാളിലെ തിരക്കഥ തുടരട്ടെ...... സാധാരണ പരീക്ഷ ഹാളിലേക്ക് എല്ലാവരും പ്രോബ്ലം പേപ്പറിനു  മാത്രമാണ്  കാല്ക്കുലെറ്റർ കൊണ്ടുവരാറു .പക്ഷെ ഞാൻ നേരെ മറിച്ചാരുന്നു...എല്ലാ വിഷയങ്ങൾക്കും  ഞാൻ കാല്ക്കുലെറ്റർ ഒപ്പം എടുക്കാറുണ്ട്  ഹാൾടിക്കറ്റ്‌  മറന്നാൽ പോലും ഞാൻ കാല്ക്കുലെറ്റർ  വിസ്മരിക്കാറില്ലയിരുന്നു.ഒരു പക്ഷെ നിങ്ങൾ ഊഹിച്ചെടുക്കുന്ന പോലെ ഈ ആത്മബന്ധത്തിന്നു പിന്നിൽ ഗണിതത്തോടും അക്കങ്ങളോടും ഉള്ള എന്റെ അഭിനിവേശത്തിന്റെ ചുരുളുകൾ ഒന്നും തന്നെ ഇല്ല.മറിച്ചു എന്റെ നേരം തെറ്റിയുള്ള വിവേകരഹിതമായ ഒരു ദീർഘവീക്ഷണത്തിന്റെ ഭാഗം മാത്രമാണ് ഇതും. പരീക്ഷക്ക്‌ ഇടയിൽ ഞാൻ എഴുതുന്ന ഓരോ ഉത്തരത്തിനും എന്റെ സ്വന്തം നിലക്ക് തന്നെയുള്ള ഒരു മൂല്യ നിർണയം നടത്തി കിട്ടാൻ പോകുന്ന മാർക്കിന്റെ ഒരു ഏകദേശ രൂപം കണ്ടെത്താൻ  ഉള്ള ഒരു ഉള്ള പാഴ് ശ്രമം. അങ്ങനെ കൂട്ടിയും കുറച്ചും ഏകദേശം കടമ്പ കടക്കും എന്ന ഒരു വിശ്വാസത്തിലെത്തിയാൽ  പിന്നെ  എഴ്തുതാൻ ഉള്ള ഉത്സാഹം നിലക്കുകയായി .





പതിനഞ്ചു മാർക്കിന്റെ ഉപന്യാസങ്ങൾ അഞ്ചു  മാർക്കിന്റെ ലഘു ഉത്തരങ്ങൾ എന്നിങ്ങനെ ആയിരുന്നു ചോദ്യപേപ്പറിന്റെ ഘടന .  പക്ഷെ എന്റെ അനാവശ്യ വാചാലത കൊണ്ട് പിന്നെ ജന്മനാ ഉള്ള വിവരമില്ലായ്യ്മ കൊണ്ടും അഞ്ചു മാർക്കിന്റെ ഉത്തരങ്ങൾ പതിനഞ്ചു മാർക്കിന്റെ ഉത്തരങ്ങളെക്കാളും വിപുലം ആയിരിക്കും .അത് കൊണ്ട് തന്നെ അവസാന ബെല്ല് അടിച്ചാലും ഞാൻ മാത്രം എഴ്തുതി തീർന്നിട്ടുണ്ടാവില്ല.ഒടുവിൽ പരാക്രമം നടത്തി എന്റെ പാതി നിർത്തിയ ഉത്തര പേപ്പർ തട്ടിപറിച്ചെടുത്തു കൊണ്ട് അധ്യാപകർ ഹാൾ വിടുമ്പോൾ വാതിക്കൽ എന്നെയും കാത്തു സംഭ്രമിച്ചു  തുറന്ന വായ്‌ അടക്കാൻ കഴിയാതെ നില്കുന്ന സുഹൃത്തുക്കളെ കാണണം..... "ഒരുമിച്ചിരുന്നു പഠിച്ചിട്ടു ഇവൾ എന്നാലും ഇങ്ങനെ ചതിച്ചല്ലോ !!! " എന്നാ ഭാവം ആയിരിക്കും  ആ മുഖങ്ങളിൽ  നിന്ന്  വായിച്ചെടുക്കാൻ കഴിയുക . പക്ഷെ ഞാൻ എഴ്തിതിപിടിപ്പിച്ചിരിക്കുന്ന വങ്കത്തങ്ങളുടെ വ്യാപ്തി എനിക്കും അത് വായിച്ചു എന്റെ തലേവര കുറിക്കപ്പെടുവാൻ നിയോഗിക്കപെട്ടിട്ടുള്ള സാധുവായ അധ്യാപകനും മാത്രമല്ലെ അറിയൂ . ഞാൻ ആകട്ടെ അവരുടെ മനോഗതി  അറിഞ്ഞു ഉള്ളിൽ  ചിരിച്ചു കൊണ്ട്... "എന്റെ അറിവ് മുഴുവൻ ഉത്തരത്തിൽ പകർത്തിയ നിറഞ്ഞ മനഃസ്സമാധാനത്തോടെ  ഹാൾ വിട്ടിറങ്ങുകയായി .... ഹാളിൽ നിന്നിറങ്ങിയാൽ  പിന്നെ മനസ്സിൽ ശൂന്യത മാത്രമാണ് ,പിന്നീട് ചോദ്യ പേപ്പറുകളോ അവയുടെ ചർച്ചകൾക്കോ അവിടെ പ്രസക്തിയില്ല .







 ഇതു പറയുമ്പോൾ മനസിലേക്ക് പണ്ടത്തെ ഒരു കുസൃതി ഓർമ വരുന്നു .നന്നേ ചെറുതായിരിക്കുമ്പോൾ നമ്മളെ ഒക്കെ പിടിച്ചിരുത്തി തല്ലി പഠിപ്പിച്ചു വിടേണ്ട ചുമതല നമ്മുടെ അച്ഛനമ്മാരുടെ വകുപ്പിൽ പെടുന്നതായിരിക്കുമല്ലോ....എന്റെ മാതാപിതാക്കളും വർധിച്ച ശുഷ്കാന്തിയോടെ ആ കർത്തവ്യം നിവർത്തിച്ചു  പോന്നിരുന്നു .വൈകുന്നേരം ആകുമ്പോൾ ശൂന്യാകാശതേക്ക്  പരീക്ഷണ  പേടകങ്ങൾ അയച്ചു കാത്തിരിക്കുന്ന നാസ ശാസ്‌ത്രജ്ഞന്‍മാരെ പോലെ അവരും പ്രതീക്ഷയോടെ എന്നെയും കാത്തിരിക്കുന്നുണ്ടാവും . വീട്ടിൽ വന്നു കഴിഞ്ഞാൽ പിന്നെ ചായ തരുന്നതിനു മുൻപേ ആദ്യം ചോദ്യപേപ്പർ കാണണം . ഓരോ ചോദ്യത്തിനും ഞാൻ എന്ത് എഴ്തുതിയത് എന്ന് ആരായും . അവരുടെ പ്രതീക്ഷകളുടെ  മുകളിൽ എൻഡോസൾഫാൻ തളിച്ചത് പോലെയാവും  എന്റെ പ്രതികരണം . കുത്തിയിരുന്ന് കഷ്ടപ്പെട്ട് പഠിപ്പിച്ചതൊക്കെ മാറ്റിയും തിരിച്ചും ആകും ഞാൻ എഴുതിയിട്ടുണ്ടാവുക . പിന്നീട്  ശകാരം - പ്രഹരം-ആശങ്ക-ഭീഷണി എന്നിവയുടെ ഒരു മേളം തന്നെയാവും അവിടെ അരങ്ങേറുക . ഈ  നാടകങ്ങൾ  പരീക്ഷ കാലത്ത്  ഇടവേളകൾ ഇല്ലാതെ  പുരോഗമിച്ചുകൊണ്ടിരുന്നു . അപ്പോഴാണ്‌ വൈകിയ ഒരു വേളയിൽ എന്റെ ബുദ്ധി ഉണർന്നത് . പരീക്ഷ കഴിഞ്ഞാൽ പിന്നെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം കണ്ടെത്തൽ എന്നാ വല്യ ഉത്തരവാദിത്തം ഞാൻ മടി കൂടാതെ ഏറ്റെടുത്തു . വൈകാതെ തന്നെ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട്  ഞാൻ വീട്ടിൽ താരമായി .പക്ഷെ താരത്തിന്റെ പൊലിമ അവധികാലം തീരുംവരെ ഉണ്ടായിരുന്നുള്ളു .സ്കൂൾ തുറന്നാൽ പിന്നെ ഞാൻ എഴുതികൂട്ടിയ ഉത്തരപേപ്പറുകൾക്ക്  മോക്ഷം കിട്ടുകയായി,ഒപ്പം വെടി  പൊട്ടും പോലെ വീട്ടിലും  പലതും പൊട്ടുകയായി ....

(തുടരും ... )

No Response to "ഓർമ മരങ്ങളുടെ വഴിയിലുടെ -7 "

Post a Comment

  •