Jul 1, 2013

Jul
1

ഒരു പഴഞ്ചൻ ഡയറി കുറിപ്പ്

0
 ഇതു ബ്ലോഗിന് വേണ്ടി തയ്യാറാക്കിയ ഒരു കുറിപ്പല്ല...എന്റെ ഡയറിയിലെ ഞാൻ പകർത്തിയ എന്റെ എപ്പോഴത്തെയോ  അസ്വസ്ഥമായ ഒരു മാനസികാവസ്ഥ മാത്രമാണ് .

ജീവിതത്തെപ്പറ്റി മനസ്സിൽ പലപ്പോഴും പല ആശയങ്ങളാണ് ,പലമുഖങ്ങളുള്ള പല ഭാവങ്ങൾ...ചില നേരത്ത് അതി സുന്ദരം എന്ന് തോന്നിപ്പിച്ചു കൊണ്ട്  മോഹങ്ങൾ  നൽകി അത് എന്നെ കൂടുതൽ ജീവിക്കാൻ മോഹിപ്പിക്കുന്നു .മറ്റു ചിലപ്പോൾ വൈഷമ്യങ്ങൾ കൊണ്ട് ഒരു വല വിരിച്ചു വീർപ്പുമുട്ടിക്കുന്നു .വീണ്ടും ചില സമയങ്ങളിൽ നിർവികാരതയും നിഷ്ഫലതയും കൂടി ചേർന്ന ഒരു നേരത്ത മഞ്ഞു വന്നു മൂടി ,ഭൂതകാലതിന്റെയും ഭാവികാലത്തിന്റെയും കണ്ണികൾ അറുത്തു മുറിച്ചു കൊണ്ട്  വർത്തമാനകാലത്തിന്റെ തടവറയിൽ ബന്ധിക്കപ്പെടുന്നു .

മനസ്സ്  സന്തുഷ്‌ടമായ ഓർമകളെ പുൽകുമ്പോൾ ആ ഓർമ്മകൾ കടലാസ്സിൽ വിരിയിക്കാൻ തോന്നാറുണ്ട് . ജീവിതത്തിന്റെ നിരര്‍ത്ഥകത മനസിനെ കീഴടക്കുമ്പോൾ ചിന്തകളിൽ ഒരു ദാർശനിക ഭാവം കൈവരുന്നു...
പക്ഷെ ആ നിമിഷങ്ങളിൽ മനസ്സിന്റെ വേഗതക്കൊപ്പം ചരിക്കാൻ കൈയെഴുത്ത്കൾക്കാവുന്നില്ല ... അത് കൊണ്ടാണ് അത് പലപ്പോഴും കടലാസ്സിൽ വിരിയാതെ ഓർമകളിൽ മാത്രം കൂട് കൂട്ടുന്നത്‌ .ഓരോ എഴുത്തിനും ശേഷം ആദ്യമായി തന്റെ കുഞ്ഞിന്റെ മുഖം കണ്ട പെറ്റമ്മയെ പോലെ മനസ് സന്തോഷിക്കുന്നു .പക്ഷെ ഒരാവർത്തി  കൂടെയുള്ള വായനക്ക് ശേഷം ചാപിള്ളയെ പെറ്റ സ്ത്രീയെപോലെ ഞാൻ എന്റെ അക്ഷര കൂട്ടുകളെ വെറുക്കുന്നു .എങ്കിലും എഴുതുന്നത്‌  ഒരു ലയനം പോലെയാണ് .




കാറ്റിൽ പറക്കുന്ന ഒരു അപ്പൂപ്പൻതാടി  പോലെ മനസ്സ്  ലഘുവാകുന്നു .മഞ്ഞുരുകുന്ന പോല...ഭാരങ്ങൾ അലിഞ്ഞു പോകുന്നു ... ജീവിതത്തിന്റെ അടിത്തട്ടുകൾ കൂടുതലായി തെളിഞ്ഞു വരുന്ന പോലെ ...എന്റെ ഉള്ളിലെ എന്നെ അറിയാതെ ഞാൻ ആ നിമിഷങ്ങളിൽ സ്നേഹിച്ചു പോകുന്നു .അത് രസമുള്ള ഒരു സംഗതി ആണ് .സ്വയം സ്നേഹം തോന്നുക... ബഹുമാനം തോന്നുക... അതിൽ നിന്നുതിരുന്ന ആത്മവിശ്വാസത്തിന്റെ കരുത്ത് .ആ കരുത്തിൽ പല വിസ്മയങ്ങളും പിറക്കുന്നു .പക്ഷെ എന്റെ കാര്യത്തിൽ നൈമിഷികമാണ്  ആ കരുത്ത്  എന്ന് ഞാൻ തിരിച്ചറിയുന്നു .അത്തരം കരുത്തിലാത്തവരെയും  അശക്തർ എന്ന്  തോന്നുന്നവരെയും ആളുകൾ വേഗം തന്നെ വിസ്മരിച്ചു പോകുന്നു .ജീവിച്ചിരിക്കുമ്പോഴും മരിച്ചവരെ പോലെ അവർ നടന്നു നീങ്ങുന്നു നമ്മുടെ മുന്നിലൂടെ തന്നെ .ഒരു തരം invisibility (അദൃശ്യത ? ).ഒരു പക്ഷെ എന്റെ ജീവിതവും അങ്ങനെയുള്ള ഒന്നാണെന്ന് ഞാൻ കരുതുന്നു .എന്റെ സാന്നിധ്യവും അസാന്നിധ്യവും ഒരിക്കലും എവിടെയും പ്രസക്തമല്ല ...അത് തിരിച്ചറിയപെടുകയുമില്ല.പെട്ടെന്ന് ഓർമയിൽ വരാത്ത ഒരു മുഖവും , വേഗം മറന്നു പോയേക്കാവുന്ന ഒരു പേരും നിഴൽ പോലെ  മാഞ്ഞു പോകുന്ന ഓർമകളും മാത്രമാണ്  ഞാൻ . അതിൽ പക്ഷെ പരിഭവങ്ങളൊ  പരാതിയോ അശേഷം ഇല്ല .തിരശീലക്കു പിറകിലുള്ള ഗോപ്യമായ നിശബ്ദമായ...ഇതിൽ ഒരു സുഖം ഞാൻ അറിയുന്നുണ്ട് .

ഇതു വരെ ആരും തേടി ചെല്ലാത്ത ഒരു കന്യവനത്തിലെ ശാന്തമായി ഒഴുകുന്ന ഒരു കുഞ്ഞു അരുവി പോലെ ?പുൽകൊടികൾകിടയിൽ  ഒളിഞ്ഞു കിടക്കുന്ന ഒരു മഞ്ചാടിക്കുരു പോലെ?എനിക്ക് പറയാൻ അറിയാത്ത മറ്റു എന്തൊക്കെയോ  പോലെ?

No Response to "ഒരു പഴഞ്ചൻ ഡയറി കുറിപ്പ് "

Post a Comment

  •