Aug 21, 2013

രസമുകുളങ്ങള്‍

1
ചില പോസ്റ്റുകൾ എങ്കിലും സ്ഥായിയായുള്ള വിഷാദഭാവത്തിൽ നിന്ന്  മാറി നിൽകേണ്ടതുണ്ട് എന്ന തോന്നലിൽ നിന്നാണ് ഇതു പ്രസിദ്ധപെടുത്തുന്നത് .മനസ്സ് പൂർണമായും ആഹ്ലാദത്തിലാകുന്ന ഏതെങ്കിലും ചില സമയങ്ങളിൽ ഇരുന്നു പ്രചോദനപരമായ എന്തെങ്കിലും എഴുതണമെന്നു വിചാരിച്ചിരുന്നതാണ് .പക്ഷെ നിർഭാഗ്യവശാൽ ഒന്നും എഴുതാൻ തരമായില്ല .എങ്കിലും എനിക്കിഷ്ടപെട്ട ഒരിടത്തെക്കുറിച്ച്   എഴുതുകയാണ് .

അത്രയൊന്നും ശ്രദ്ധിക്കപെടാതെ പോകുന്ന ഒരു പഴയ മോഡൽ വാടക മുറിയിലായിരുന്നു അത് പ്രവർത്തിച്ചിരുന്നത് .ഏറെ വൃത്തിയോ  മറ്റു പ്രതേകതകളോ  ഒന്നും അവകാശപ്പെടാനില്ലാത്ത ആ ചെറിയ ചായ കട ഞാനും ആദ്യമൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു.തികച്ചും ഗ്രാമീണരായ ഒരു ചേട്ടനും ചേച്ചിയും നടത്തുന്ന അവിടെ പക്ഷെ മിക്കപ്പോഴും ആളുകൾ വന്നു കൊണ്ടിരുന്നു .ഇതു എന്നെ അല്പം അത്ഭുതപെടുത്തി ,ഒട്ടേറെ മികച്ച ബ്രാൻഡ്‌കളുടെ കടകൾ ഉള്ള ആ തെരുവിൽ സാധാരണയിൽ സാധാരണമായ ,ഒരിക്കലും ഒരു നഗരത്തിൽ നമ്മൾ പ്രതീഷിക്കാത്ത ഇത്തരം ഒരു സംരംഭം എങ്ങനെ വിജയകരമായി നടത്തി കൊണ്ട് പോകാൻ കഴിയും എന്ന ചിന്ത ഇടയ്കിടെ എനിക്കുണ്ടായി .അവിടെ വരുന്നവരിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു .



നഗര ജീവിതം എന്നെ പഠിപ്പിച്ച കാര്യങ്ങളിൽ ഒന്ന് ... ഒരു വിധം ആളുകളുടെ മനസ്സിലും മുളച്ചു വരുന്ന പോക്കറ്റ്‌ തരം തിരിച്ചുള്ള ത്രാസുകളാണ് ..ഇവിടെ എന്തും പണത്തിനുമേൽ അളക്കപ്പെടുന്നു ...."Smartness" ഇന്റെ പുതിയ അർത്ഥ തലങ്ങൾ വെളിപ്പെടുന്നു .അങ്ങനെയുള്ള ഒരു നഗരത്തിൽ.. എല്ലാ വിവേച്ചനങ്ങളുടെ അതിർവരമ്പുകളും പൊട്ടിച്ചെറിഞ്ഞു ഒരു സാധാരണ ഹോട്ടലിൽ ഇവരെല്ലാം ഒരു പോലെ എത്തി ചേരണമെങ്കിൽ,അതിനു പിന്നിൽ ഒരു ചേതോ വികാരമേയുള്ളൂ...'രുചികരമായ ശാപ്പാട്  '.



അങ്ങനെയിരിക്കെ ഒരു ദിവസം ഒരു സുഹൃത്തിനോടൊപ്പം ഞാൻ ഇവിടെ കയറാനിടവന്നത് .അന്ന് മുതൽ അവിടുത്തെ ചായയും ലഘു ഭഷണവും എന്റെയും ഒരു ദൗർബല്യമായി .മഴയുള്ള വൈകുന്നേരങ്ങളിൽ ഓഫീസ്  വിട്ടു വരുമ്പോൾ  ഇവിടം എനിക്ക് പ്രിയപ്പെട്ട ഇടമാണ് .മഴ കണ്ടു കൊണ്ട് ചൂടുള്ള ചായയും ഏത്തക്ക അപ്പമോ കൊഴുക്കട്ടയോ ,സുഖിയനൊ അല്ലെങ്കിൽ ആവി പറക്കുന്ന ഓംലെറ്റോ ഒരു ബുൾസയൊ  കഴിച്ചുകൊണ്ടിരിക്കാം... അതിന്റെ ഒരു സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല .ഹോസ്റ്റലിൽ ഇരിക്കുന്ന ദിവസങ്ങളിൽ  ആണെങ്കിൽ  ചേച്ചിയുടെ സ്പെഷ്യൽ ഓംലെറ്റോ മീന പൊരിച്ചതോ ഉണ്ടെങ്കിലന്നു ഉച്ചക്ക്  കുശാലാണ് .സൗകര്യ കുറവുകൾ  കൊണ്ടാകാം പൊതുവെ പുരുഷന്മാർ മാത്രമേ അവിടെ ഇരുന്നു കഴിച്ചു കാണാറുള്ളു.സ്ത്രീകൾ അധികവും പാർസൽ വാങ്ങി പോരാറാണ്  പതിവ് .പക്ഷെ അവിടുത്തെ പതിവ് തെറ്റിച്ചു കൊണ്ട് ഞാൻ എന്റെ പ്രിയ സുഹൃത്തും അവിടെ പതിവുകരാറായി .



ആദ്യം അവിടുത്തെ രുചിഭേദങ്ങളും  പിന്നെ പതുക്കെ ആ സ്വാദിന്റെ പിന്നിലെ രണ്ടു സ്നേഹ മനസ്സുകളും എന്റെ ഹൃദയം കീഴടക്കി .ഇപ്പോഴും പോക്കറ്റ്‌ ചോർന്ന മാസത്തിന്റെ അവസാന ദിവസങ്ങളിൽ എനിക്കാശ്രയം രുചിയും അതിൽ ഒരു പിടി സ്നേഹവും ചാലിച്ചു നിറമനസ്സുമായി ആഹാരം വിളമ്പുന്ന ഈ ചേട്ടനും ചേച്ചിയും തന്നെയാണ് .



1 Response to രസമുകുളങ്ങള്‍

March 13, 2014

:)
Very accidentally came here. Interesting.

Post a Comment

  •