May 19, 2013

ഓർമ മരങ്ങളുടെ വഴിയിലൂടെ - 8

0
കലാലയത്തിന്റെ പടിയിറങ്ങിയപ്പോഴും എനിക്കെന്റെ സുഹൃത്തുക്കളെ അത്രയൊന്നും പിരിയേണ്ടി വന്നില്ല . ഒപ്പം പുതിയ സുഹൃത്തുക്കൾ ജീവിതത്തിലേക്ക് കടന്നു വരികയും ചെയ്തു . നീണ്ട നാല് കൊല്ലം ഒരേ ക്യാമ്പസിൽ ചിലവിട്ടിട്ടും അപരിചിതരായി തുടർന്ന ചിലർ പിന്നീടു ഇണ പിരിയാത്ത ചങ്ങാതിമാർ ആയ രസകരമായ അനുഭവങ്ങളും അക്കൂട്ടത്തിലുണ്ട് . കോളേജിലെ അവസാന വട്ട നൂലാമാലകളും കഴിഞ്ഞു ജീവിതത്തിന്റെ മറ്റൊരു തലത്തിനു പകിട്ടണിയിക്കാൻ ഞങ്ങൾ ചേക്കേറിയത് സ്വപ്ന നഗരമായ കൊച്ചിയിലേക്ക് ...... . വന്നിറങ്ങിയത്  മുതൽ അബദ്ധങ്ങൾ ഞങ്ങളുടെ തോഴനായി മാറി . ഞങ്ങൾ ഓരോത്തരുടേയും ഉള്ളിൽ അതുവരെ ഉറങ്ങി കിടന്ന അവിവേകങ്ങളിൽ നിന്ന് ഓരോ നിർദേശങ്ങൾ രൂപം കൊണ്ടു ... ഊഴം മാറി ഓരോതവണയും ഓരോത്തരുടെ നിർദേശങ്ങൾ വീണ്ടും വീണ്ടും ഞങ്ങളെ കൂടുതൽ വങ്കത്തങ്ങളിലേക്ക്  നയിച്ചു . വൈകുന്നേരങ്ങളിൽ പറഞ്ഞു ചിരിക്കാൻ എന്നും അങ്ങനെ ഞങ്ങളിലെ ഓരോത്തരും കഥാപാത്രങ്ങളായികൊണ്ടിരുന്നു .... ഉദ്യോഗം എന്ന വലിയ ചോദ്യചിഹ്നം ഞങ്ങളുടെ തലയ്ക്കു മുകളിൽ ഒരു തീരാ തലവേദനയായി നിലകൊണ്ടെങ്കിലും , ഓരോ ക്ലേശങ്ങളിലെയും നർമ്മ മുഹൂർത്തങ്ങളെ ചികഞ്ഞെടുക്കാൻ എന്റെ സുഹൃത്തുക്കൾ പിന്നിലായിരുന്നില്ല .



ഏറെ വൈകാതെ തന്നെ നഗരത്തെ പറ്റി ആദ്യമുണ്ടായിരുന്ന മിഥ്യാ ധാരണകൾ മങ്ങി തുടങ്ങി.. ഇവിടെ ഒരു സർവേ നടത്തിയാൽ വ്യക്തമാകുന്ന ഒരു പരമാർത്ഥം ഉണ്ട് ... ഈ നഗരത്തിൽ മനുഷ്യന്മാരെക്കാളും അധികമായി കൊതുകുകളും ... കുന്നുകളെക്കാൾ  അധികമായി വലിയ മാലിന്യ കൂനകളുമുണ്ട് .... ഒട്ടും പഞ്ഞമില്ലാത്ത മറ്റൊരു കൂട്ടർ .... തട്ടിപ്പ് വീരന്മാരാണ് .ഉദ്യോഗം തൊട്ടു സംബന്ധം വരെ ... വാരികുഴികൾ തീർത്തു വലകൾ  വിരിച്ച്‌ ഇരക്കായി കാത്തിരിക്കുന്ന ഒട്ടനേകം ചിലന്തിമനുഷ്യർ .  പഴക്കമുള്ള ഒരു ചൊല്ല് പോലെ 'കാശ് എറിഞ്ഞാൽ കമ്പോളത്തിൽ കിട്ടാത്തതായി  പെറ്റമ്മയെ മാത്രമേയുള്ളൂ ' എന്നത് ഒരു  സത്യമായി അവശേഷിക്കുന്നു.സംഗതികൾ ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതത്തിലെ നാഴിക്കല്ലായ  മുഹൂർത്തങ്ങൾ  ഞങ്ങൾക്ക് സമ്മാനിച്ചത്‌ ഈ നഗരമാണ് എന്ന സത്യം മറക്കാനും വയ്യ . അത് കൊണ്ട് തന്നെ മനസിന്റെ ഒരു കോണിൽ ഒരു പിടി സ്നേഹം ഇന്നും ഈ നഗരത്തോട് ഉണ്ട്.. ഒപ്പം ഹൃദയത്തോട് ചേർത്ത് വെക്കാവുന്ന കുറച്ചധികം ഓർമ്മകളും ...






ഇവിടെ  വന്നു  അധികം കഴിച്ചിട്ടുള്ളത്‌ ഐസ് ക്രീംമും  മസാലദോശയും ആണെന്ന് തോന്നുന്നു . രണ്ടാമത്തേത്  എന്റെ ശീലത്തിൽ പുതുതായിരുന്നു . ഇതിനിടെയിൽ  പരീക്ഷണങ്ങൾ പോലെ ഞങ്ങൾ ജോലിക്കായുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരുന്നു . അതിൽ ചിലതെങ്കിലും  മികച്ച ഹാസ്യ ചലച്ചിത്രങ്ങളെക്കാൾ ഗംഭീരമായ പര്യവസാനമുണ്ടായിരുന്നവയായിരുന്നു  . മുൻപൊക്കെ പരാജയങ്ങൾ വലിയ വേദനകൾ ഉള്ളവാക്കുമായിരുന്നു . എന്നാൽ സുഹൃത്തുക്കളോടൊപ്പം ആയിരിക്കുമ്പോൾ വല്ലാത്ത ഒരു ധൈര്യമാണ്.ഒരുപക്ഷെ അതിനു കാരണം ഞങ്ങളെല്ലാം പരാജയത്തിന്റെ കയിപ്പു  അറിഞ്ഞവർ ആയതു കൊണ്ടാവാം .അതലെങ്കിൽ മറ്റൊരു പക്ഷെ ഞങ്ങളുടെ എല്ലാവരുടേം കയ്യിൽ ശേഷിച്ചിരുന്നത്  പൂവണിയാത്ത ഒരു പിടി സ്വപ്‌നങ്ങൾ മാത്രമായത് കൊണ്ടുമാവാം . ആ സമയത്തെ നിരന്തരമായ പരാജയങ്ങൾ പോലും ഞങ്ങളിൽ ചിരിയുണർത്തുമായിരുന്നു . നിഷ്ഫലമായ അഭിമുഖ പരീക്ഷങ്ങൾക്ക് ശേഷം ഞങ്ങൾ വിലപിച്ചില്ല ... പക്ഷെ ഉള്ളിൽ മറഞ്ഞിരുന്ന ആ നിരാശയും വ്യസനവും അലിയിച്ചില്ലാതാക്കാൻ  ഞങ്ങൾ നടന്നത് വീണ്ടും ഐസ്ക്രീം നുണയാൻ ആയിരുന്നു ....

(തുടരും ... )

No Response to "ഓർമ മരങ്ങളുടെ വഴിയിലൂടെ - 8 "

Post a Comment

  •